Main Menu

ഉദ്യോഗസ്ഥര്‍ അഴിമതിയില്‍ അഭിരമിക്കുന്നു; ജനങ്ങളോട് മാന്യമായി പെരുമാറുക, എല്ലാ വില്ലേജ് ഓഫീസര്‍മാര്‍ക്കും റവന്യൂമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളുടെ പ്രവര്‍ത്തനത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ച് വില്ലേജ് ഓഫിസര്‍മാര്‍ക്ക് റവന്യുമന്ത്രിയുടെ കത്ത്. വില്ലേജ് ഓഫിസുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് റവന്യുമന്ത്രിയുടെ കത്ത്. കോഴിക്കോട് ജില്ലയില്‍ കര്‍ഷകന്‍ വില്ലേജ് ഓഫിസില്‍ ആത്മഹത്യ ചെയ്ത സംഭവം നിസ്സാരമായി കാണാനാവില്ലെന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

വില്ലേജ് ഓഫിസുകളുടെ പ്രവര്‍ത്തനം കാലങ്ങളായി ആക്ഷേപങ്ങളുടെ നിഴലിലാണെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. ഇത്തരം ആക്ഷേപങ്ങളെ ശരിവയ്ക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ ഒരു കര്‍ഷകന്‍ വില്ലേജ് ഓഫിസില്‍ ആത്മഹത്യ ചെയ്ത സംഭവം നിസ്സാരമായി കാണാനാവില്ല. അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങിയതിനു പിടിയിലായ ഒരു വില്ലേജ് ഓഫിസറുടെ കുനിഞ്ഞ ശിരസ് ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടതിനു തൊട്ടുപിന്നാലെയാണ് കര്‍ഷക ആത്മഹത്യയുടെ വാര്‍ത്തയും എത്തിയത്. പിന്നിലേക്കു സഞ്ചരിച്ചാല്‍ ഒട്ടനവധി സമാനമായ വാര്‍ത്തകളും അനുഭവങ്ങളും കാണാനാകും. ഈ അവസ്ഥ ഏതാനും മാസങ്ങള്‍കൊണ്ട് ഉണ്ടായതല്ലെന്നും വര്‍ഷങ്ങളായി കുമിഞ്ഞുകൂടിയ മാലിന്യമാണ് ഇപ്പോള്‍ കാണുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഓരോ സംഭവത്തിനും ന്യായീകരണങ്ങള്‍ കാണുമെങ്കിലും ഇന്നത്തെ ദുരവസ്ഥയ്ക്ക് അവയൊന്നും നീതീകരണമായി കാണുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. കുറച്ചുപേര്‍ വരുത്തിവയ്ക്കുന്ന ദുഷ്‌പേരിന് ഒരു വലിയ സമൂഹമാകെ അപമാനഭാരത്താല്‍ തല താഴ്ത്തി നടക്കേണ്ടി വരികയാണെന്നും മന്ത്രി കത്തില്‍ കുറിച്ചു. വില്ലേജ് ഓഫിസില്‍ വരുന്നവരോട് ഏറ്റവും മാന്യമായി പെരുമാറുന്നുവെന്ന് ഉറപ്പുവരുത്താന്‍ മന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. എന്തൊക്കെ ന്യായീകരണങ്ങള്‍ പറഞ്ഞാലും ജനങ്ങളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ചോദിച്ചറിയാനും അവരോട് തന്മയീഭാവത്തോടെ അധികാരം വിനിയോഗിക്കുവാനും ഇവയൊന്നും തടസ്സമല്ല. എല്ലാവരുടെയും ആവശ്യങ്ങള്‍ പരിഹരിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും അതിനുള്ള കാരണം അവരെ ബോധ്യപ്പെടുത്താനാകണം. രേഖാമൂലം ഇതുമായി ബന്ധപ്പെട്ട് മറുപടി നല്‍കുക. അപേക്ഷകര്‍ക്ക് അവരുടെ ആവശ്യം നിറവേറ്റാന്‍ കഴിയുന്ന അടുത്ത തലം ഏതാണെന്ന് വ്യക്തമായി മറുപടി നല്‍കാനും മന്ത്രി ആവശ്യപ്പെട്ടു.

വില്ലേജ് ഓഫിസര്‍മാര്‍ ടീം ലീഡര്‍മാരായി ഉയരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. യാന്ത്രികമായി ജോലി ചെയ്യുന്നതിനു പകരം ഓഫിസര്‍മാര്‍ പ്രതിബദ്ധതയുടെ പ്രതീകമായി ഉയരണം. നിയമങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍ മനുഷ്യത്വമാകണം ഉരകല്ല്. നിയമങ്ങള്‍ നിയമത്തിനു വേണ്ടിയല്ല, ജനജീവിതത്തിന്റെ സ്വച്ഛമായ ഒഴുക്കിനും ഐശ്വര്യത്തിനും വേണ്ടിയാണെന്ന തിരിച്ചറിവാണ് പ്രധാനമെന്നും അദ്ദേഹം വില്ലേജ് ഓഫിസര്‍മാരെ ഓര്‍മപ്പെടുത്തി. ജനങ്ങളോട് സുഹൃത്തിനെപ്പോലെ ഇടപെടാന്‍ കഴിയുന്ന ഓഫിസര്‍മാരും, പരാതികള്‍ ഉണ്ടായാല്‍ തന്നെ സമയബന്ധിതമായി പരിഹരിക്കുന്ന സംവിധാനവുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. മാറ്റത്തിനു വിധേയമാകാത്തവര്‍ക്ക് നിലനില്‍പ് ദുഷ്‌കരമാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

ഭൂരിപക്ഷം ജീവനക്കാരും കാര്യക്ഷമമായി ജോലി ചെയ്യുന്നവരാണ്. പക്ഷേ, ഒരു ന്യൂനപക്ഷം അഴിമതിയില്‍ അഭിരമിക്കുന്നു. ഇത് അനുവദിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. അഴിമതി സംസ്‌കാരരാഹിത്യമാണ്. സംസ്‌കാര ശൂന്യരായി ഇനി മുന്നോട്ടു പോകാനാവില്ല. ഓരോരുത്തരും മാറാതെ മാറ്റം അസാധ്യമാണ്. ഈ കത്ത് അതിനുള്ള പ്രേരണയും പ്രചോദനവുമാകുമെന്ന പ്രതീക്ഷയോടെയാണ് അദ്ദേഹം കത്തു ചുരുക്കുന്നത്.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്