Main Menu

ഇലക്ഷന്‍ ഗുരു പ്രശാന്ത് കിഷോര്‍ രാഷ്ട്രീയത്തിലേക്ക്

തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മറ്റി സ്ഥാപകനുമായ പ്രശാന്ത് കിഷോര്‍ ഇനി സജീവ രാഷ്ട്രീയത്തിലേക്ക്. നിതീഷ് കുമാറിന്റെ ജെഡിയുവിലൂടെയാണ് പ്രശാന്തിന്റെ രാഷ്ട്രീയ പ്രവേശനം. ഇന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്.

കിഷോറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘടനയായ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി ജെഡിയുവില്‍ ലയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബീഹാറില്‍ പുതിയ യാത്ര ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്ന് രാവിലെ പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.

ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തില്‍ അദ്ദേഹം ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരുമെന്നാണ് ജെഡിയു വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രശാന്ത് കിഷോറിന്റെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി(പിഎസി) ആന്ധ്രയില്‍ വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് വേണ്ടി തന്ത്രങ്ങള്‍ മെനയുകയായിരുന്നു.

കഴിഞ്ഞ ആഴ്ച ഹൈദരബാദില്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സിലെ വിദ്യാര്‍ഥികളുമായുള്ള സംവാദത്തില്‍ പാര്‍ട്ടികള്‍ക്ക് വേണ്ടി തെരഞ്ഞെടുപ്പ് തന്ത്രം രൂപപ്പെടുത്തുന്ന ജോലി വിടുകയാണെന്നും ഇനി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

പൊതു ആരോഗ്യരംഗത്ത് യുഎന്നിനായി പ്രവര്‍ത്തിച്ചാണ് കിഷോറിന്റെ തുടക്കം. 2014 ലില്‍ മോദിയെയും 2015 ലില്‍ ബിഹാറില്‍ നിതീഷ് കുമാറിനെയും അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോര്‍.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്