Main Menu

ഇന്ധനവില കുതിച്ചുയരുമ്പോള്‍ മോദി മിണ്ടുന്നില്ല; മോദിയുടെ സുഹൃത്തുക്കളായ കുത്തക മുതലാളിമാര്‍ മാത്രമാണ് സംതൃപ്തര്‍; മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ധനവില കുതിച്ചുയരുമ്പോള്‍ മോദി മിണ്ടുന്നില്ല. റഫാലിനെ കുറിച്ചും മോദി മിണ്ടുന്നില്ല. മോദിയുടെ സുഹൃത്തുക്കളായ കുത്തക മുതലാളിമാര്‍ മാത്രമാണ് സംതൃപ്തര്‍. മോദി ജനങ്ങളെ തമ്മിലടിപ്പിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

മോദി ഭരണത്തില്‍ 20 വ്യവസായികള്‍ക്ക് മാത്രമാണ് ‘അച്ഛേ ദിന്‍’. ഇന്ധനവില കൂടി, രൂപയുടെ മൂല്യം കുറഞ്ഞു എന്നിവയാണ് മോദിയുടെ ഭരണത്തിന്റെ നേട്ടം. ബിജെപിയെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നേരിടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കും. ബിജെപിയെ പുറത്താക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ജനങ്ങളുടെ നാൽപത്തി അയ്യായിരം കോടി കൊള്ളയടിച്ച് മോദി സുഹൃത്തിന് നൽകി. പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കും. മാധ്യമങ്ങൾ ഭയപ്പെടാതെ വസ്തുതകൾ എഴുതണം. സത്യം പുറത്തു കൊണ്ടുവരണമെന്നും രാഹുല്‍ പറഞ്ഞു.

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, യുപിഎ മുന്‍ അധ്യക്ഷ സോണിയ  ഗാന്ധി എന്നിവരും പ്രതിഷേധ റാലിയില്‍ എത്തി. 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദിനെ പിന്തുണയ്ക്കുന്നതായി കോണ്‍ഗ്രസ് അറിയിച്ചു. ഗുലാം നബി ആസാദ്, മനോജ് ശര്‍മ്മ, തുടങ്ങിയവരും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളായ ശരത് പവാര്‍, ശരത് യാദവ്, മനോജ് ഝാ, സോമനാഥ് ഭാരതി, തുടങ്ങിയവരും പ്രതിഷേധത്തിനെത്തി.

ബന്ദ് പ്രഖ്യാപിച്ചിട്ടും ചില സംസ്ഥാനങ്ങളില്‍ ഇന്ധന വില ഉയര്‍ത്തിയെന്ന് അഖിലേഷ് യാദവ് പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദ് പ്രഖ്യാപിച്ചിട്ടും അഭിമാനത്തേടെ ബിജെപി സര്‍ക്കാര്‍ വില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. വിലക്കയറ്റം വികസനം കൊണ്ടുവരുമെന്നാണ് ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും അഖിലേഷ് പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്