ഇന്ത്യ- ആസ്ട്രേലിയ നിര്‍ണായക മൂന്നാം ട്വന്റി 20 ഇന്ന്. പരമ്പര സ്വന്തമാക്കാന്‍ ഇരു ടീമിനും ജയം അനിവാര്യമാണ്. വൈകീട്ട് ഏഴിന് ഹൈദരാബാദിലാണ് മത്സരം. ഏകദിന പരമ്പര സ്വന്തമാക്കിയ വിരാട് കോഹ്‍ലിക്കും സംഘത്തിനും ട്വന്റി ട്വന്റിയും സ്വന്തമാക്കാനുളള സുവര്‍ണാവസരം. മറുവശത്ത് ട്വന്റി 20യെങ്കിലും സ്വന്തമാക്കി മുഖം മിനുക്കി നാട്ടിലെത്താനുളള അവസാന അവസരം. ആദ്യ മല്‍സരം ജയിച്ച ഇന്ത്യക്ക് രണ്ടാം മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തോല്‍വി നേരിട്ടു. മുന്‍നിര ബാറ്റ്സ്‍മാന്‍മാര്‍ ഫോമിലെത്താതിരുന്നതാണ് രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് വിനയായത്. രോഹിത് ശര്‍മയും ശിഖര്‍ ധവാനും വിരാട് കോഹ്‍ലിയും താളം കണ്ടെത്തുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹാലും അണിനിരക്കുന്ന സ്പിന്നര്‍മാരും ഫോമിലെത്തണം.

മറുവശത്ത് ഓസീസിനെ സംബന്ധിച്ച് ജീവന്മരണപ്പോരാട്ടമാണ് അവസാന ട്വന്റി 20. കഴിഞ്ഞ മത്സരം ജയിച്ച ഓസീസ് ആത്മവിശ്വാസത്തിലാണ്. മോയ്സസ് ഹെന്‍ട്രിക്കസിന്റേയും ട്രാവിസ് ഹെഡിന്റെയും മിന്നും ഫോമാണ് ആസ്ട്രേലിയയുടെ കരുത്ത്. ഗുവാഹത്തിയില്‍ നാലുവിക്കറ്റെടുത്ത ജേസണ്‍ ബെഹ്റെന്‍ഡോര്‍ഫിന്റെ പേസാക്രമണം ഇന്ത്യന്‍ ബാറ്റിങിന് തലവേദനയാകും. ജയിച്ചാല്‍ നാണക്കേടില്‍ നിന്ന് കരകയറി ഓസീസിന് നാട്ടിലെത്താം.