Main Menu

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കുന്നതിനുള്ള ശ്രമത്തിലെന്ന് മോദി; കള്ളപ്പണത്തിനെതിരെ രാഷ്ട്രീയ പ്രത്യാഘാതം ഭയക്കാതെ നടപടി

ന്യൂഡല്‍ഹി: ഇന്ത്യയെ ശുദ്ധമാക്കിയ ‘സ്വച്ഛ് ഭാരത്’ പദ്ധതിക്കു ശേഷം, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കുന്നതിനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരക്ക്, സേവന നികുതി (ജിഎസ്ടി) നിലവില്‍ വന്നതിനു പിന്നാലെയാണ് സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി വ്യക്തമാക്കിയത്. ലളിതവും കൂടുതല്‍ മികവുറ്റതുമായ പുതിയ നികുതി സംവിധാനം, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് പുതിയൊരു തുടക്കമാണ് സമ്മാനിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ (ഐസിഎഐ)യുടെ സ്ഥാപകദിനത്തോട് അനുബന്ധിച്ച് ഡല്‍ഹി ഇന്ദിരാ ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഎസ്ടി ഏറ്റവും ഫലപ്രദമായി നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാവിധ പിന്തുണയും നല്‍കണമെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ആശുപത്രികളുടെ ബിസിനസ് മെച്ചപ്പെടുത്തുന്നതിന് ആളുകള്‍ രോഗികളായി മാറണമെന്ന് ഡോക്ടര്‍മാര്‍ ആഗ്രഹിക്കാത്തതുപോലെ, സമൂഹത്തിന്റെ ‘സാമ്പത്തിക ആരോഗ്യം’ ഏറ്റവും സുരക്ഷിതമാക്കുന്നതിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരും ശ്രമിക്കണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു.

സ്വിസ് ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരുടെ പട്ടിക സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കൈമാറാന്‍ ആരംഭിക്കുന്നതോടെ, കള്ളപ്പണക്കാരുടെ കാര്യം കൂടുതല്‍ കഷ്ടമാകുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പു നല്‍കി. കള്ളപ്പണത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടി നിമിത്തം സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തില്‍ വന്‍ ഇടിവാണുണ്ടായിട്ടുള്ളതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. സ്വിസ് ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപത്തില്‍ 45 ശതമാനം വരെ ഇടിവുണ്ടായിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കള്ളപ്പണം സൂക്ഷിക്കുന്നവര്‍ പിടിക്കപ്പെടുമെന്ന കാര്യം എല്ലാവരെയും ഓര്‍മിപ്പിക്കാനും പ്രധാനമന്ത്രി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരോട് ആവശ്യപ്പെട്ടു.

കഴിഞ്ഞവര്‍ഷം നവംബര്‍ എട്ടിനു പ്രഖ്യാപിച്ച നോട്ടുനിരോധനത്തിനു ശേഷം, രാജ്യത്താകെ റജിസ്റ്റര്‍ ചെയ്തിട്ടുള്ള മൂന്നു ലക്ഷത്തിലധികം കമ്പനികള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 37,000 ല്‍ അധികം ഷെല്‍ കമ്പനികളെ സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കള്ളപ്പണം ഒളിപ്പിക്കുന്നവരെ വെളിച്ചത്തുകൊണ്ടുവരുന്നതിന് കൂടുതല്‍ കഠിനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. അതിന്റെ രാഷ്ട്രീയമായ പ്രത്യാഘാതങ്ങളെ സര്‍ക്കാര്‍ ഭയക്കുന്നില്ല. വന്‍ ശമ്പളം വാങ്ങുന്ന കോടിക്കണക്കിന് ആളുകളുള്ള രാജ്യത്ത്, 10 ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളതായി സമ്മതിച്ചിട്ടുള്ളത് കേവലം 32 ലക്ഷം പേര്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്