Main Menu

ഇത് സഹിക്കാന്‍ കഴിയില്ല; എന്തുതന്നെയായാലും ഇതിനൊരു അവസാനം വേണം; രോഷാകുലയായി ദീപിക

നായികയായി താന്‍ അഭിനയിച്ച പത്മാവതിയുടെ രംഗോലി കലാരൂപം നശിപ്പിച്ചതിനെതിരെ ദീപിക പദുക്കോണ്‍. ഇതില്‍ ദേഷ്യവും സങ്കടവും അടക്കാന്‍ കഴിയാതെ ട്വിറ്ററിലൂടെ പൊട്ടിത്തെറിക്കുക തന്നെ ചെയ്യുകയായിരുന്നു താരം. ഗുജറാത്തില്‍ കരണ്‍ എന്ന കലാകാരന്‍ 48 മണിക്കൂര്‍ പണിപ്പെട്ട് ഒരുക്കിയ, താന്‍ നായികയായ പത്മാവതിയുടെ രംഗോലി കലാരൂപം ഒരുകൂട്ടം സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതാണ് ദീപികയെ ചൊടിപ്പിച്ചത്. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനമായ നടപടി കൈക്കൊള്ളണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ദീപിക ആവശ്യപ്പെട്ടു.

ചിത്രത്തിലെ നായികയായ പത്മാവതിയുടെ മുഖമാണ് വര്‍ണക്കൂട്ടില്‍ കരണ്‍ വരച്ചുണ്ടാക്കിയത്. ഗുജറാത്തിലെ സൂറത്തില്‍ ഒരുക്കിയ ഈ കലാരൂപമാണ് ജയ് ശ്രീറാം വിളികളുമായി എത്തിയ നൂറോളം വരുന്ന അക്രമികള്‍ പൂര്‍ണമായി നശിപ്പിച്ചത്.

”കരണിനും അദ്ദേഹത്തിന്റെ കലാസൃഷ്ടിക്കും എതിരെ നടന്ന ആക്രമണത്തിന്റെ കാഴ്ച അങ്ങേയറ്റം ഹൃദയഭേദകമാണ്. മനസ്സിനെ തകര്‍ക്കുന്നതാണിത്. ആരാണ് ഇതിന് ഉത്തരവാദികള്‍. ഇവര്‍ ആരാണ്. ഇനിയും എത്രകാലം ഇത് തുടരാന്‍ നമ്മള്‍ അനവദിക്കും. ഇങ്ങനെ പിന്നെയും പിന്നെയും നിയമം കൈയിലെടുത്ത് നമ്മുടെ വ്യക്തി സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും നശിപ്പിക്കാന്‍ ഇവരെ അനുവദിക്കും. ഇതിന് ഒരു അവസാനം വേണം. ഇതിനെതിരെ നടപടി വേണം”ട്വിറ്ററിലൂടെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് ദീപിക ആവശ്യപ്പെട്ടു.

റാണി പത്മാവതിയുടെ കഥ പറയുന്ന സഞ്ജയ് ലീല ബന്‍സാലിയെ പ്രശ്‌നങ്ങള്‍ വിടാതെ പിന്തുടരുകയാണ്. തങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് രജപുത്രരുടെ സംഘടന നേരത്തെ ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നു. രജപുത്ര കര്‍ണി സേനാംഗങ്ങള്‍ സെറ്റ് ആക്രമിക്കുക വരെ ചെയ്തു. പിന്നീട് ഷൂട്ടിങ് കോലാപുരിലേയ്ക്ക് മാറ്റിയെങ്കിലും അവിടെവച്ച് സെറ്റിന് തീപിടിച്ചു.

രണ്‍വീര്‍ സിങും ഷാഹിദ് കപൂറുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്