ഇടയ്ക്ക് ബോധം വന്നപ്പോള്‍ ലക്ഷ്മി കുഞ്ഞിനെ അന്വേഷിച്ചു; ബാലഭാസ്കര്‍ അബോധാവസ്ഥയില്‍ തുടരുന്നു; അച്ഛന് വിളിച്ചപ്പോള്‍ ചെറുതായി കണ്ണു തുറന്നു

കൊച്ചി: വാഹനാപകടത്തില്‍ പരുക്കേറ്റ ബാലഭാസ്കര്‍ അബോധാവസ്ഥയില്‍ തന്നെ തുടരുന്നു. എന്നാല്‍ ബാലഭാസ്കറിന്റെ ശരീരം മരുന്നുകളോടു പ്രതികരിക്കുന്നതായും ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായും അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ ബാലഭാസ്കറിന്റെ പിതാവ് അടുത്തെത്തി വിളിച്ചപ്പോള്‍ അദ്ദേഹം ചെറുതായി കണ്ണു തുറന്നു. എന്നാല്‍ രക്തസമ്മര്‍ദ്ദത്തിലെ അസന്തുലിതാവസ്ഥ ചികിത്സയെ ചെറിയ തോതില്‍ ബാധിക്കുന്നുണ്ട്.
ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്. ഇടയ്ക്ക് ബോധം വന്നപ്പോള്‍ ലക്ഷ്മി കുഞ്ഞിനെ അന്വേഷിച്ചിരുന്നതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ലക്ഷ്മി അപകടാവസ്ഥ തരണം ചെയ്തു.
അപകടത്തില്‍ മരിച്ച മകള്‍ തേജസ്വിനി ബാലയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം എംബാം ചെയ്തു സൂക്ഷിച്ചിരിക്കുകയാണ്. അച്ഛനെയും അമ്മയെയും കാണിച്ചതിനു ശേഷം മാത്രം കുഞ്ഞിന്റെ സംസ്കാരം നടത്താനാണു ബന്ധുക്കളുടെ തീരുമാനം.
തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായില്ല. ബാലഭാസ്കറിനു നട്ടെല്ലിലെ ഗുരുതര പരുക്കിനു ശസ്ത്രക്രിയ നടത്തി. പക്ഷേ, രക്തസമ്മര്‍ദം സാധാരണ നിലയിലാകുന്നില്ല. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ഇടയ്ക്കിടെ തടസ്സപ്പെടുന്നു. അതിനാല്‍ വെന്റിലേറ്ററില്‍ തന്നെ കഴിയുകയാണു ബാലഭാസ്കര്‍. രക്തസമ്മര്‍ദവും ശ്വാസഗതിയും നേരെയാകുന്നതിനുവേണ്ടി കാത്തിരിക്കുകയാണെന്നു ഡോ. എ.മാര്‍ത്താണ്ഡപിള്ള പറഞ്ഞു.