Main Menu

ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലെ പ്രളയത്തിനു പിന്നില്‍ മഴയളക്കുന്നതില്‍ സംഭവിച്ച പിഴവ്; പത്തനംതിട്ടയിലെ മഴയുടെ അളവ് രേഖപ്പെടുത്തിയത് പമ്പാ നദിയില്‍ നിന്ന് ഏറെ ദൂരെയുള്ള കോന്നിയിലെ മഴമാപിനി ഉപയോഗിച്ച്

പത്തനംതിട്ട: പ്രളയകാരണങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ കേരളം മുഴുവന്‍. വ്യത്യസ്തമായ അനവധി അഭിപ്രായങ്ങളും കണ്ടുപിടിത്തങ്ങളും പ്രളയത്തിനു പിന്നാലെ പല കോണുകളില്‍ നിന്നും ഉയര്‍ന്നു വരുന്നുമുണ്ട്. എന്നാല്‍ പ്രളയം ഏറ്റവും അധികം നാശനഷ്ടം വിതച്ച രണ്ടു ജില്ലകളായ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രളയകാരണം ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. അളക്കാതെ പോയ മഴയാണ് രണ്ടു ജില്ലകളെ മുക്കിക്കളഞ്ഞത് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത.

മഴ ശക്തി പ്രാപിച്ച സമയത്ത് പത്തനംതിട്ടയിലെ മഴയിലെ അളവ് രേഖപ്പെടുത്തിയത് പമ്പാനദിയില്‍ നിന്ന് അകലെയുള്ള കോന്നിയിലെ ഒരേ ഒരു മഴമാപിനി ഉപയോഗിച്ചായിരുന്നു. മാത്രമല്ല ശക്തമായ മഴ പെയ്ത 14 നും 15 നും പമ്പാതീരത്തെ ഏക മഴമാപിനിയായ അയിരൂരിലെ മഴയുടെ അളവ് വെബ്‌സൈറ്റില്‍ ഇല്ലായിരുന്നു. വെള്ളപ്പൊക്കത്തില്‍ മഴമാപിനികള്‍ പലയിടത്തും മുങ്ങിയതിനാല്‍ സംസ്ഥാനത്തെ പല മാപിനികളില്‍ നിന്നും റെക്കോഡ് മഴയുടെ അളവ് ശേഖരിക്കാന്‍ കാലാവസ്ഥാ വകുപ്പിന് കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ പ്രളയമുന്നറിയിപ്പു നല്‍കുന്നതിന് ആവശ്യമായ അടിസ്ഥാന കാലാവസ്ഥാ വിവരങ്ങളുടെ ലഭ്യതക്കുറവും ആശയവിനിമയത്തിനുണ്ടായ അപാകതയുമാണ് പമ്പാതീരത്തെ സര്‍വനാശത്തിലേക്കു നയിച്ചത്. അധികൃതരുടെ ലാഘവബുദ്ധിയും പരിചയക്കുറവും മറ്റൊരു കാരണം.

സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയുള്ള പത്തനംതിട്ട ജില്ലയില്‍ ആണ് ഏറ്റവും കുറവു മഴമാപിനികള്‍ ഉള്ളത് എന്നത് മറ്റൊരു സത്യം. ഡാമുകള്‍ ഏറെയുള്ള ഇടുക്കിയിലും കോഴിക്കോട്ടും പാലക്കാട്ടും മറ്റും ആറു മഴമാപിനികള്‍ ഉള്ളപ്പോള്‍ പത്തനംതിട്ട ജില്ലയില്‍ കാലാവസ്ഥാ വകുപ്പിനു മഴയളവ് ഉള്ളത് പ്രധാന അണക്കെട്ടുകളില്‍നിന്ന് വളരെ അകലെ അയിരൂര്‍ കുരുടാമണ്ണിലും കോന്നിയിലും മാത്രമാണ്. ശബരിഗിരി പദ്ധതി പ്രദേശത്തെ മഴയുടെ യഥാര്‍ഥ ഭീകരത മനസിലാക്കാതെ കോന്നിയിലെ മഴയെ മാത്രം അടിസ്ഥാനമാക്കിയാണ് മഹാപ്രളയ ദിനത്തില്‍ പത്തനംതിട്ട ജില്ലയിലെ ജാഗ്രതാ നിര്‍ദേശം കാലാവസ്ഥാ-ദുരന്ത നിവാരണ വകുപ്പുകള്‍ തയ്യാറാക്കിയതെന്നു ഇതിനാല്‍ തന്നെ വ്യക്തമാണ്. ഈ മാസം പത്തു മുതല്‍ 16 വരെ വനത്തില്‍ അതിശക്തമായ മഴയായിരുന്നു. 15 ന് കക്കി ഡാമില്‍ ഇത് 30 സെമീ (300 മില്ലീമീറ്റര്‍) വരെയായി ഉയര്‍ന്നുവെന്ന് കെഎസ്ഇബി ലോഡ് ഡെസ്പാച്ചിനു നല്‍കിയ കണക്കില്‍ പറയുന്നുണ്ട്.

കൂടാതെ കേരളം മഴയില്‍ തണുത്തു വിറച്ചുനിന്ന ഓഗസ്റ്റ് 13ന് മധുരയില്‍ പകല്‍ താപനില 38 ഡിഗ്രിയായിരുന്നു. ഈ ചൂട് കാരണം കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ കനത്ത മേഘപടലം രൂപപ്പെടാനുള്ള സാധ്യത ഏറി. തമിഴ്‌നാട് മേഘമലയിലെ മഴയുടെ കുറച്ചു ഭാഗവും പമ്പയിലേക്കു വന്നുകാണുമെന്ന വാദവുമുണ്ട്. മുല്ലപ്പെരിയാറും പമ്പയും തമ്മില്‍ ബന്ധമില്ലെങ്കിലും വള്ളക്കടവില്‍ നിന്ന് പമ്പയിലേക്ക് അടിയൊഴുക്കും ഇല്ലാതില്ല. ഇങ്ങനെ പലകാരണങ്ങളിലൂടെ വന്ന വെള്ളം ഡാമിലൂടെയും അതിനു പുറത്തുകൂടെയും പ്രളയമായി ത്രിവേണിയില്‍ എത്തിയതോടെ പമ്പയില്‍ നടപ്പന്തല്‍ ഉള്‍പ്പെടെ മുങ്ങുന്ന അപൂര്‍വ സാഹചര്യമായി. ഇതിന്റെ ഗുരുതരാവസ്ഥ മനസിലാക്കാനുള്ള അനുഭവജ്ഞാനം അവിടെ സന്ദര്‍ശിച്ച അധികൃതര്‍ക്ക് ഇല്ലാതെപോയി.

കക്കി തുറക്കുക എന്നു പറഞ്ഞാല്‍ ആനത്തോട് (സാഡില്‍ ഡാം-താഴ്‌വാര അണ)തുറക്കുക എന്നാണ് അര്‍ഥം. ഇത് നദിയിലേക്കല്ല തുറക്കുന്നത്. അഞ്ചുകിലോമീറ്ററോളം ഒഴുകി ഈ വെള്ളം കക്കിയാറില്‍ ചേര്‍ന്ന് ത്രിവേണിയില്‍ എത്തുകയാണ്. അതിനാല്‍ ശബരിഗിരി പദ്ധതി പ്രദേശത്തിനും താഴെ കുതിര്‍ന്നു നിന്ന വനമണ്ണ് ഉരുളായി മാറിയിരിക്കാനുള്ള സാധ്യത ഏറെയാണ്.

പത്തനംതിട്ട ജില്ലയില്‍ ചെറുതും വലുതുമായ 15 ഡാമുകളിലും കൂടി ആകെ പമ്പാ ജലത്തിന്റെ 10.5 ശതമാനം മാത്രമാണ് നിയന്ത്രിക്കാനാവുന്നത്. പെരിയാറ്റില്‍ ഇത് 30 ശതമാനം വരെയാണ്. മാത്രവുമല്ല സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരത്തെ അടിസ്ഥാനമാക്കി കെഎസ്ഇബി ജലനിരപ്പു പറയുന്നതിനാല്‍ എത്ര അടി വെള്ളം ഡാമിലുണ്ട് എന്നതിനെപ്പറ്റി ജനങ്ങള്‍ക്ക് ധാരണയില്ല. റിസര്‍വോയര്‍ ചാര്‍ട്ടിലും ഡാമിനുള്ളിലെ പഴയ സ്‌കെയിലുകളിലും ഇപ്പോഴും അടിയും മറ്റിടങ്ങളില്‍ മീറ്ററും ഏകകമായി ഉപയോഗിക്കുന്നു. ഇതിനു മാറ്റം വരണമെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്