Main Menu

ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ റേഷന്‍ കാര്‍ഡ് നിഷേധിച്ചതോടെ ജാര്‍ഖണ്ഡില്‍ പട്ടിണിമൂലം പതിനൊന്നുകാരി മരിച്ചു

റാഞ്ചി: ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ റേഷന്‍ കാര്‍ഡ് നിഷേധിച്ചതോടെ ജാര്‍ഖണ്ഡില്‍ പതിനൊന്നുകാരി പട്ടിണിമൂലം മരിച്ചതായി റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡിലെ സിംദേഗ ജില്ലയിലാണ് സംഭവം. സന്തോഷ് കുമാരി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ദുര്‍ഗാ പൂജയ്ക്ക് സ്‌കൂള്‍ അവധിയായിരുന്നതിനാല്‍ സ്‌കൂളില്‍ നിന്നും ഭക്ഷണം ലഭിച്ചിരുന്നില്ല. കഴിഞ്ഞ എട്ടു ദിവസമായി പെണ്‍കുട്ടി പട്ടിണിയായിരുന്നുവെന്നും ഫുഡ് ക്യാംപെയ്ന്‍ ആക്ടിവിസ്റ്റുകള്‍ പറയുന്നു.

സെപ്തംബര്‍ 28 നാണ് സന്തോഷ് കുമാരി മരിച്ചത്. എന്നാല്‍ ഇത് വേണ്ട രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് സന്തോഷ് കുമാരിയുടേത്. സ്വന്തമായി ഭൂമിയോ, മാതാപിതാക്കള്‍ക്ക് ജോലിയോ വാര്‍ഷിക വരുമാനമോ ഇല്ല. നാഷണല്‍ ഫുഡ് സെക്യൂരിറ്റി ആക്ട് പ്രകാരം പെണ്‍കുട്ടിയുടെ കുടുംബം റേഷന്‍ കാര്‍ഡിന് യോഗ്യരുമായിരുന്നു. കഴിഞ്ഞ ആറ് മാസമായി റേഷന്‍ കാര്‍ഡിന് വേണ്ടി കുടുംബം അധികൃതരുടെ പിറകെ നടക്കുകയായിരുന്നുവെന്ന് ആക്ടിവിസ്റ്റുകള്‍ പറയുന്നു. ആധാറുമായി ബന്ധിപ്പിച്ചില്ല എന്ന കാരണം പറഞ്ഞ് റേഷന്‍ കാര്‍ഡ് നിഷേധിക്കുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു.

ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന് സുപ്രീംകോടതി നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ലംഘിക്കുന്ന മനോഭാവമാണ് സന്തോഷ് കുമാരിയുടെ കുടുംബത്തോട് ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ കാണിച്ചത്. ജാര്‍ഖണ്ഡിനെ കൂടാതെ രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ റേഷന്‍ കാര്‍ഡ് നിഷേധിക്കപ്പെട്ട സംഭവങ്ങളുണ്ട്. സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ ശക്തമായി മുന്നോട്ടു പോകനാണ് ഫുഡ് ക്യാംപെയ്ന്‍ ആക്ടിവിസ്റ്റുകളുടെ തീരുമാനം.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്