Main Menu

ആധാര്‍ കേസില്‍ ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മിറ്റി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യേണ്ടതില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആധാര്‍ കേസില്‍ ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മിറ്റി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യേണ്ടതില്ലെന്ന് സുപ്രീംകോടതി. റിപ്പോര്‍ട്ട് കോടതിയില്‍ ഫയല്‍ ചെയ്യാന്‍ കേന്ദ്രത്തിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അനുമതി നിഷേധിച്ചു. അറ്റോര്‍ണി ജനറലാണ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ അനുമതി തേടിയത്.

ആധാര്‍ വിവരങ്ങള്‍ വളരെയധികം സുരക്ഷിതമായി എങ്ങനെ സംരക്ഷിക്കണം, എങ്ങനെയെങ്കിലും വിവരങ്ങള്‍ ചോര്‍ന്നാല്‍ തന്നെ സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെയാണ്, വിവരം ചേര്‍ത്തുന്നവര്‍ക്കെതിരെ സ്വീകരിക്കേണ്ട ശിക്ഷാ നടപടികള്‍ എന്തൊക്കെയാണ് തുടങ്ങിയ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് ശ്രീകൃഷ്ണാ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. ഇവ കൂടി പരിഗണിച്ചാവണം കേസില്‍ വിധിപ്രസ്താവം തയ്യാറാക്കേണ്ടതെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. ആ ഹര്‍ജികളില്‍ വിശദമായി വാദം കേട്ട ശേഷം ഭരണഘടനാ ബഞ്ച് വിധി പറയാനായി മാറ്റിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ജസ്റ്റിസ് ശ്രീകൃഷ്ണാ കമ്മിറ്റി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാനുള്ള അനുമതി നിഷേധിച്ചിരിക്കുന്നത്. വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റിവച്ചിരിക്കുന്നത് കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ട് ഇനി ഫയല്‍ ചെയ്യുന്നതില്‍ പ്രസക്തിയില്ലെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.എന്‍.ശ്രീകൃഷ്ണ ചെയര്‍മാനായ സമിതിയുടേതാണ് 213 പേജുള്ള റിപ്പോര്‍ട്ട്. ഡേറ്റ പ്രൊട്ടക്ഷന്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആധാര്‍ നിയമം, വിവരാവകാശ നിയമം എന്നിവയില്‍ ഭേദഗതികള്‍ വരുത്തണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്. നിയമം ലംഘിച്ചാല്‍ വന്‍ തുക പിഴയായി ഈടാക്കാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്