Main Menu

അവസരമില്ലെന്ന് പാടി നടക്കുകയാണ്; വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല; മെസേജിന് മറുപടിയുമില്ല; പാര്‍വതിക്കെതിരെ സംവിധായകന്‍

കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തേയും മമ്മൂട്ടിയേയും വിമര്‍ശിച്ച് രംഗത്തെത്തിയതോടെയാണ് പാര്‍വതിയെന്ന നടിയ്‌ക്കെതിരെ ആരാധകര്‍ തിരിഞ്ഞത്. അതുവരെ മലയാളത്തിലെ ഇഷ്ടമുള്ള നായികയെന്ന് ചോദിച്ചാല്‍ പാര്‍വതിയെന്ന് പേരു പറഞ്ഞിരുന്നവര്‍ പതുക്കെ ആ പേര് ഒഴിവാക്കി തുടങ്ങി. പിന്നീട് ഡബ്ല്യുസിസിയുടെ സജീവ പ്രവര്‍ത്തകരില്‍ ഒരാളായി. പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായി. ഇതോടെ ആരും തന്നെ വിളിക്കാറില്ലെന്നും സിനിമയില്‍ അവസരം ലഭിക്കുന്നില്ലെന്നും പാര്‍വതി തന്നെ അടുത്തിടെ രംഗത്തെത്തിയിരുന്നു.

എന്നാല്‍, താന്‍ ആര്‍ക്കെതിരെയാണോ പ്രതിഷേധിക്കുന്നത് അവരുടെ സിനിമകളില്‍ അവസരം കിട്ടുന്നില്ലെന്ന് പരാതി പറയുമ്പോള്‍ അത് കാപട്യമല്ലേയെന്ന സംശയമാണ് സംവിധായകനായ സനല്‍കുമാര്‍ ശശിധരന്‍ ഉന്നയിച്ചിട്ടുള്ളത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

സനല്‍ കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഒരു പ്രോജക്ട്, സുഹൃത്തായ ഒരു നടനുമായി സംസാരിക്കുകയായിരുന്നു. (അദ്ദേഹത്തിന് ആരോടും ഒരു വിവേചനവുമില്ല. എനിക്കും കഴിവുള്ള, നിലപാടുള്ള ഒരു ആര്‍ട്ടിസ്റ്റിനെ ഉള്‍പ്പെടുത്തുന്നതിന് സന്തോഷമേയുള്ളൂ.) അതില്‍ സ്ത്രീകഥാപാത്രത്തിന് അനുയോജ്യയായ ഒരു നടിയെ കുറിച്ച് ആലോചിച്ചപ്പോള്‍ പാര്‍വതിയുടെ പേര് ഉയര്‍ന്നുവന്നു. ചെറിയ ബജറ്റ് സിനിമയാണ് ഇന്‍ഡിപെന്‍ഡന്റ് സിനിമയാണ് എന്നത് കൊണ്ടൊക്കെ അവര്‍ സഹകരിക്കുമോ എന്ന സംശയം ഞാന്‍ പ്രകടിപ്പിച്ചു . എന്തിനു മുന്‍വിധി, സംസാരിച്ചു നോക്കൂ എന്ന് അദ്ദേഹം തന്നെ നമ്പര്‍ തന്നു. ഞാന്‍ വിളിച്ചു. പാര്‍വതി ഫോണെടുത്തില്ല. തിരക്കാണെങ്കിലോ അറിയാത്ത നമ്പര്‍ എടുക്കാത്തതാണെങ്കിലൊ എന്നു കരുതി കാര്യങ്ങള്‍ വിവരിച്ച് സബ്ജക്ട് കേട്ടുനോക്കാമോ എന്നു ചോദിച്ച് ഒരു മെസേജുമയച്ചു അതിനൊരു മറുപടി മെസേജുപോലും കിട്ടിയില്ല. ഞാന്‍ പിന്നെ ആ വഴിക്ക് പോയില്ല.

ഒരു പ്രോജക്ട് കേള്‍ക്കണോ വേണ്ടയോ ഏത് സിനിമ തെരഞ്ഞെടുക്കണം എന്നതൊക്കെ ഒരു അഭിനേതാവിന്റെ തീരുമാനമാണ്. പക്ഷെ സൂപ്പര്‍ താര ഫാന്‍സ് അസോസിയേഷനുകള്‍ക്ക് എതിരെയും സിനിമയിലെ ആണധികാരക്രമങ്ങള്‍ക്കെതിരെയും പടപൊരുതുന്ന ആളുകള്‍ അവസരം കുറഞ്ഞു, പ്രോജക്ട് കിട്ടുന്നില്ല എന്നൊക്കെ കുറ്റപ്പെടുത്തുമ്പോള്‍ അവര്‍ ഉദ്ദേശിക്കുന്നത് സൂപ്പര്‍താര ആണധികാരസിനിമകളില്‍ അവസരം കിട്ടുന്നില്ല എന്നാണോ എന്നു സ്വാഭാവികമായി സംശയം തോന്നും. അങ്ങനെയല്ലെങ്കില്‍ അവര്‍ എന്തുകൊണ്ട് ഇന്‍ഡസ്ട്രിയിലെ വമ്പന്‍ സിനിമകളെ ഉറ്റുനോക്കിയിരിക്കാതെ കഴമ്പുള്ള ഇന്‍ഡിപെന്‍ഡന്റ് സിനിമകളില്‍ സഹകരിക്കുന്നില്ല? അത് ചെയ്യാതിരിക്കുകയും തങ്ങള്‍ ആര്‍ക്കെതിരെയാണോ സമരം ചെയ്യുന്നത് അവരുടെ ‘പിന്തിരിപ്പന്‍’ സിനിമകളില്‍ തന്നെ അവസരം കിട്ടണം എന്ന് വാശിപിടിക്കുകയും ചെയ്യുന്നത് കാപട്യമല്ലേ?Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്