Main Menu

അലോക് വര്‍മ്മയുടെ മറുപടി ചോര്‍ന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ്; ഒരു കക്ഷിക്കും വാദിക്കാന്‍ അര്‍ഹതയില്ലെന്ന് കോടതി; ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

ന്യൂഡല്‍ഹി: സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മയുടെ മറുപടി ചോര്‍ന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. വാദം കേള്‍ക്കാന്‍ താല്‍പ്പര്യമില്ലെന്നും ഒരു കക്ഷിക്കും വാദിക്കാന്‍ അര്‍ഹതയില്ലെന്നും കോടതി പറഞ്ഞു. മുദ്ര വച്ച കവറില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ടിനുള്ള അലോക് വര്‍മ്മയുടെ മറുപടി ന്യൂസ് പോര്‍ട്ടല്‍ വയറില്‍ വന്നതാണ് ചീഫ് ജസ്റ്റിസിനെ പ്രകോപിപ്പിച്ചത്. സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ അലോക് വര്‍മ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 29 ലേക്ക് മാറ്റി.

അലോക് വര്‍മ്മയുടെ അഭിഭാഷകനായ ഫാലി എസ് നരിമാനോട് വിവരം ചോര്‍ത്തിയവരെ വിളിച്ച് വരുത്താന്‍ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. അതേസമയം അലോക് വര്‍മ്മ കോടതിയില്‍ നല്‍കിയ മറുപടി ചോര്‍ത്തിയിട്ടില്ലെന്ന് ന്യൂസ് പോര്‍ട്ടലായ ദ വയര്‍ വ്യക്തമാക്കി. അലോക് വര്‍മ്മ സിവിസിക്ക് നല്‍കിയ മറുപടിയാണ് റിപ്പോര്‍ട്ടു ചെയ്തത്. ഇത് മുദ്രവച്ച കവറില്‍ നല്‍കിയതല്ലെന്നും ദ വയര്‍ വിശദീകരിച്ചു.

സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന കൈക്കൂലി അടക്കം ആരോപണങ്ങളാണ് അലോക് വര്‍മ്മക്കതിരെ ഉന്നയിച്ചത്. ഇതിന്മേല്‍ സിവിസി നടത്തിയ അന്വേഷണത്തില്‍ ഡയറക്ടര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നില്ല. റിപ്പോര്‍ട്ടിലെ ചിലയിടങ്ങളില്‍ അലോക് വര്‍മ്മക്ക് അനുകൂലമായിരുന്നങ്കിലും മറ്റുചില ആരോപണങ്ങളില്‍ പ്രതികൂലമായരുന്നു. സി.വി.സി റിപ്പോര്‍ട്ടിന്മേല്‍ ആലോക് വര്‍മ തന്റെ മറുപടി മുദ്രവച്ച കവറില്‍ ഇന്നലെ കൈമാറിയിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്