Main Menu

അറിവിന്റെ ആകാശത്തില്‍ പറന്നുയരാന്‍ ഇന്ന് വായനാദിനം

ഒരു ജനസമൂഹം അതിന്റെ സാംസ്‌കാരികമായ വളര്‍ച്ച തുടങ്ങുന്നത് വായനയിലൂടെയാണ്. വായന താളിയോലകളില്‍ തുടങ്ങി പേപ്പറില്‍ നിന്നു മോണിറ്ററിലേക്കു വഴിമാറി ഇന്ന് ഐ പാഡിലും സ്മാര്‍ട്ട് ഫോണുകളിലും എത്തിനില്‍ക്കുകയാണ്. വയനയുടെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്നതിനായി കേരളാ സര്‍ക്കാര്‍ 1996 മുതല്‍ ജൂണ്‍ 19 വായനാദിനമായി ആചരിച്ചുവരുന്നു. കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി.എന്‍ പണിക്കരുടെ ചരമദിനത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ദിനം.

മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുകയും കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനമിടുകയും ചെയ്ത പി.എന്‍ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. 1909 മാര്‍ച്ച് 1ന് ആലപ്പുഴ ജില്ലയിലെ നീലമ്പേരൂരില്‍, ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായാണ് പി.എന്‍ പണിക്കരുടെ ജനനം. പുതുവായില്‍ നാരായണ പണിക്കര്‍ എന്ന് പൂര്‍ണ്ണ നാമം. ചെറുപ്പം മുതല്‍ തന്നെ വായനയെ ഏറെ ഇഷ്ടപ്പെട്ട അദ്ദേഹം അധ്യാപക വൃത്തിയിലേക്ക് തിരിഞ്ഞു. 1926ല്‍, ‘സനാതനധര്‍മ്മം’ എന്ന വായനശാല സ്ഥാപിച്ചായിരുന്നു വായനവഴിയിലെ സംഘനാപ്രവര്‍ത്തനത്തിന് തുടക്കം.

വായനയെ ജനകീയമാക്കാന്‍ കേരളമൊട്ടാകെ സഞ്ചരിച്ച അദ്ദേഹം’കേരള ഗ്രന്ഥശാല സംഘത്തിനും രൂപം നല്‍കി. ഒരു സാധാരണ ഗ്രന്ഥശാല പ്രവര്‍ത്തകനായി പ്രവര്‍ത്തനം ആരംഭിച്ച പിഎന്‍ പണിക്കരുടെ കഠിന പ്രയത്‌നത്താല്‍ കേരള ഗ്രന്ഥ ശാല സംഘം തഴച്ചു വളര്‍ന്നു. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന് കീഴില്‍ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു.

1970ല്‍ പാറശാല മുതല്‍ കാസര്‍കോഡ് വരെ പണിക്കരുടെ നേതൃത്വത്തില്‍ കാല്‍നടയായി നടത്തിയ സാംസ്‌കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലോന്നാണ്. ‘വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക’ എന്നായിരുന്നു ജാഥയുടെ മുദ്രാവാക്യം. 1995 ജൂണ്‍ 19ന് പി.എന്‍ പണിക്കരെന്ന വായനയുടെ കൂട്ടുകാരന്‍ പുസ്തകത്താളുകളിലേക്ക് മറഞ്ഞു. പി.എന്‍ പണിക്കരുടെ ചരമദിനം അങ്ങനെ മലയാളത്തിന്റെ വായനാദിനവുമായി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്