Main Menu

അര്‍ജന്റീനയിലെത്തിയ മോദിയെ കാര്‍ട്ടൂണ്‍ കഥാപാത്രമാക്കി പരിഹസിച്ചു; ചാനല്‍ വിവാദത്തില്‍

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിക്കായി അര്‍ജന്റീനയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് അര്‍ജന്റീനിയന്‍ വാര്‍ത്താ ചാനല്‍. അമേരിക്കന്‍ ടെലിവിഷന്‍ സീരിസായ സിംപ്‌സണിലെ ഇന്ത്യന്‍ കഥാപാത്രമായ അപുവായി ചിത്രീകരിച്ചാണ് ബ്യൂണസ് ഐറിസില്‍ എത്തിയ മോദിയെ ചാനല്‍ പരിഹസിച്ചത്.

ഇതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ അര്‍ജന്റീനിയന്‍ ചാനലായ ക്രോണിക ടിവിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയില്‍ വിമാനമിറങ്ങുന്ന ചിത്രത്തിന്റെ കൂടെ കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ചിത്രമാണ് ചാനല്‍ നല്‍കിയത്. ഇതോടൊപ്പം ‘അപു എത്തി’ എന്ന ക്യാപ്ഷനും നല്‍കി.

പശ്ചാത്തലത്തില്‍ സ്ലം ഡോഗ് മില്യനയര്‍ എന്ന ചിത്രത്തിലെ റിങ് റിങ എന്ന ഗാനവും ചേര്‍ത്താണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. മുമ്പ് അമേരിക്കന്‍ ടെലിവിഷന്‍ സീരിസായ സിംപ്‌സണ്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അപു എന്ന കഥാപാത്രം ദക്ഷിണേഷ്യക്കാരെ വംശീയമായി അധിക്ഷേപിക്കുന്നതാണെന്നാണ് അന്ന് വിവാദങ്ങള്‍ക്കുള്ള കാരണം.

തുടര്‍ന്ന് ഈ കഥാപാത്രത്തെ വിമര്‍ശിച്ച അമേരിക്കന്‍ കോമേഡിയനായ ഹരി കൊണ്ടേബോലു തന്നെയാണ് ചാനലിന്റെ പരിഹാസത്തെപ്പറ്റി ആദ്യം ട്വീറ്റ് ചെയ്തത്. എന്തായാലും ചാനലിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നിരിക്കുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്