Main Menu

അഭിലാഷ് ടോമിയെ ആംസ്റ്റര്‍ഡാമിലെ ആശുപത്രിയില്‍ എത്തിച്ചു; അടിയന്തര ചികിത്സ നല്‍കി

കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചി മത്സരത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപകടത്തില്‍പെട്ട മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ (39) ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്രഞ്ച് കപ്പല്‍ ഓസിരിസിലാണ് ടോമിയെ ആംസ്റ്റര്‍ഡാമിലെത്തിച്ചത്. ആംസ്റ്റര്‍ഡാമിലെ ആശുപത്രിയില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ഓസ്‌ട്രേലിയയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും. പിന്നീട് മൗറീഷ്യസിലേക്ക് മാറ്റും. വിമാനം ഇറക്കാനാകുന്ന ഏറ്റവും അടുത്ത പ്രദേശം മൗറീഷ്യസ് ആയതിനാലാണ് അങ്ങോട്ട് മാറ്റുന്നത്. ഇവിടെ നിന്ന് വിമാനമാര്‍ഗം അഭിലാഷിനെ ചെന്നൈയിലെത്തിക്കാനാണ് പദ്ധതി.

ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് സത്പുരയിലാകും ആംസ്റ്റര്‍ഡാം ദ്വീപില്‍ നിന്ന് മൗറീഷ്യസിലേക്ക് അഭിലാഷ് ടോമിയെ എത്തിക്കുക. 3111 കിലോമീറ്റര്‍ ദൂരമുള്ളതിനാല്‍ തന്നെ മൂന്ന് ദിവസം കൊണ്ട് മാത്രമെ അഭിലാഷിനെ മൗറീഷ്യസിലെത്തിക്കാനാകൂ. ഈ യാത്രയില്‍ അഭിലാഷിനൊപ്പം ഡോക്ടര്‍മാരുടെ സംഘവും ഉണ്ടാകും. കാലവസ്ഥ പ്രതികൂലമാണെങ്കില്‍ കാര്യങ്ങള്‍ വീണ്ടും സങ്കീര്‍ണമാകും.

സെപ്റ്റംബര്‍ 21നാണ് തുരിയ എന്ന പായ് വഞ്ചി അപകടത്തില്‍പെട്ടത്. നടുവിനു പരുക്കുള്ളതിനാല്‍ സ്‌ട്രെച്ചറില്‍ ചെറുബോട്ടിലേക്കു മാറ്റിയ ശേഷമാണ് കപ്പലിലെത്തിച്ചത്. കപ്പലിലെ ഡോക്ടര്‍ പ്രഥമശുശ്രൂഷ നല്‍കി. ഒറ്റയ്ക്കു ലോകം ചുറ്റാനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചി മത്സരത്തില്‍ മൂന്നാമതായിരിക്കെയാണ് അഭിലാഷ് അപകടത്തില്‍പ്പെട്ടത്. സംഘാടകര്‍ അയച്ച സന്ദേശങ്ങള്‍ക്കു മറുപടി ലഭിക്കാതായതോടെ ആശങ്ക ഉടലെടുത്തിരുന്നു. പ്രതികൂല കാലാവസ്ഥയും വെല്ലുവിളി സൃഷ്ടിച്ചിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്