Main Menu

അപവാദപ്രചാരണത്തില്‍ മനംനൊന്ത യുവദമ്പതിമാര്‍ ജീവനൊടുക്കി

ചാവക്കാട്: അപവാദപ്രചാരണത്തില്‍ മനംനൊന്ത യുവദമ്പതിമാര്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു. പൂഴിക്കള പുന്നൂക്കാവ് റോഡില്‍ പാടുവീട്ടില്‍ പരേതനായ വേലായുധന്റെ മകന്‍ ഹരീഷ് (കണ്ണന്‍-23), ഭാര്യ അബിത (20) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. നേരിട്ട മനോവിഷമത്തെക്കുറിച്ചും ആത്മഹത്യചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ചും കുറിപ്പിലുണ്ടെന്ന് പോലീസ് പറഞ്ഞു.

ഹരീഷ് എരുമപ്പെട്ടിയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍സ് പണിക്കാരനാണ്. അബിത ആല്‍ത്തറയിലെ സ്വകാര്യസ്ഥാപനത്തില്‍ കംപ്യൂട്ടര്‍ വിദ്യാര്‍ഥിയാണ്. പ്രണയവിവാഹിതരായ ഇവര്‍ ദലിത് കുടുംബാംഗങ്ങളാണ്. ആത്മഹത്യാപ്രേരണ നടന്നിട്ടുള്ളതായാണ് പ്രാഥമികനിഗമനമെന്ന് പോലീസ് പറഞ്ഞു.

ശനിയാഴ്ച രാവിലെ എട്ടോടെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. ഹരീഷിന്റെ അമ്മ രജനിയും സഹോദരി ബിജിതയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. സഹോദരന്‍ ജിഷ്ണു പണിക്ക് പോയിരുന്നു. മുറി തുറക്കാത്തതിനെത്തുടര്‍ന്ന് അയല്‍വാസികളും വീട്ടുകാരും ചേര്‍ന്ന് വാതില്‍ തള്ളിത്തുറന്നപ്പോഴാണ് ഇരുവരെയും കെട്ടിത്തൂങ്ങിയനിലയില്‍ കണ്ടത്. പുലര്‍ച്ചെ അഞ്ചോടെ അമ്മ ഹരീഷിനെ പുറത്തുകണ്ടിരുന്നു.

മൂന്നുവര്‍ഷംമുന്‍പാണ് ഹരീഷും കൈപ്പമംഗലം വഴിയമ്പലം സ്വദേശി പേരത്ത് ആനന്ദന്റെ മകള്‍ അബിതയും വിവാഹിതരായത്. പ്രണയത്തിലായിരുന്ന ഇരുവരും പ്രായപൂര്‍ത്തിയാകുംമുന്‍പുതന്നെ ക്ഷേത്രത്തില്‍ താലികെട്ടി ഒരുമിച്ചുജീവിക്കുകയായിരുന്നു.

കഴിഞ്ഞമാസം എട്ടിന് ഹരീഷുമായുണ്ടായ സൗന്ദര്യപ്പിണക്കത്തെത്തുടര്‍ന്ന് അബിത വീടുവിട്ടുപോയി. അബിതയെ കാണാതായെന്നു പറഞ്ഞ് ഹരീഷ് വടക്കേക്കാട് പോലീസില്‍ പരാതി നല്‍കി. പിറ്റേന്ന് വൈകീട്ട് ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് അബിതയെ കണ്ടെത്തി.

വീട്ടില്‍ തിരിച്ചെത്തിയ ഇവര്‍ നല്ല സ്‌നേഹബന്ധത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, ഈ സംഭവത്തെത്തുടര്‍ന്ന് നാട്ടില്‍ വ്യാജപ്രചാരണങ്ങളുണ്ടായി. ചിലര്‍ ഇരുവരെയും പരിഹസിക്കുകയും ചെയ്തു. ഇതുമൂലം ഇവര്‍ കടുത്ത മനോവിഷമത്തിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

ചാവക്കാട് തഹസില്‍ദാര്‍ കെ.വി. ആംബ്രോസ് എത്തിയാണ് മൃതദേഹങ്ങള്‍ മാറ്റിയത്. ഡിവൈ.എസ്.പി പി. വിശ്വംഭരനാണ് അന്വേഷണച്ചുമതല. ജില്ലാ സയന്റിഫിക് വിഭാഗം ഓഫീസര്‍ ഡോ. അനി വി. പരിശോധന നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇരുവരെയും ഞായറാഴ്ച 10ന് ഹരീഷിന്റെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്