Main Menu

അനധികൃത നിയമനം: എംഎല്‍എ എ.എന്‍ ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

കണ്ണൂർ: എംഎല്‍എ എ.എന്‍ ഷംസീറിന്റെ ഭാര്യ സഹലയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ താല്‍ക്കാലിക അധ്യാപക നിയമനത്തിലാണ്  കോടതിയുടെ നടപടി. ഒന്നാംറാങ്കുകാരിയായ കണ്ണൂര്‍ ചാവശേരി സ്വദേശി ഡോ. എം.പി ബിന്ദുവിനെ മറിക്കടന്നായിരുന്നു സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസറായി കരാര്‍ അടിസ്ഥാനത്തില്‍  സഹലയെ നിയമിച്ചത്. ഒന്നാം റാങ്കുകാരിയായ  ബിന്ദുവിന്റെ പരാതിയെ തുടര്‍ന്നാട് കോടതിയുടെ ഈ നടപടി.

റാങ്ക് ലിസ്റ്റും സര്‍വകലാശാലാ വിജ്ഞാപനവും തിരുത്തിയാണ്  സഹലയെ സര്‍വകലാശാല നിയമിച്ചതെന്നു കാണിച്ച്  ഡോ. എം.പി. ബിന്ദുവാണ് ഹൈക്കോടതിയെ സമീപിച്ചത്. കരാര്‍ നിയമനങ്ങള്‍ക്ക് ഇതുവരെ സംവരണം നടപ്പാക്കിയിട്ടില്ലാത്ത സര്‍വകലാശാല ഇത്തവണ സംവരണത്തിന്റെ പേരില്‍ തന്റെ നിയമനാര്‍ഹത മറികടന്നതായാണ് ഹര്‍ജിയില്‍ ബിന്ദു ചൂണ്ടിക്കാട്ടിയത്. നിയമനക്കാര്യത്തില്‍ സര്‍ക്കാറിനോടും കണ്ണൂര്‍ സര്‍വകലാശാലയോടും കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു. സംവരണാടിസ്ഥാനത്തിലാണു നിയമനം എന്നായിരുന്നു സര്‍വകലാശാലയുടെ വിശദീകരണം.

സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ എംഎഡ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തിലായിരുന്നു  സഹലയുടെ നിയമനം. നേരത്തെ ഇതേ സ്ഥാപനത്തിലെ ബിഎഡ് വിഭാഗത്തില്‍ അധ്യാപികയായിരുന്ന ഇവര്‍ ഇവിടെനിന്നു വിടുതല്‍ വാങ്ങിയാണു എംഎഡ് വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചത്.

ഡോ. ബിന്ദുവിനെ ആ സ്ഥാനത്തേക്ക് നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. അനധികൃത നിയമനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കോടതയിയുടെ ഉത്തരവ്.

എന്നാല്‍ ഈ സംഭത്തില്‍ പ്രതികരിക്കാനില്ലെന്നെ നിലപാടിലാണ് എ.എന്‍ ഷംസീര്‍. കണ്ണൂര്‍ സര്‍വകലാശാലയാണ് പ്രതികരിക്കേണ്ടതെന്നും ഷംസീര്‍ പറഞ്ഞു.

ഹൈക്കോടതിയുടെ ഉത്തരവില്‍ തനിക്ക് നീതി ലഭിച്ചെന്ന് പരാതിക്കാരിയായ ഡോ എം.പി ബിന്ദു പ്രതികരിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്