Main Menu

അച്ഛന് ഞങ്ങളേക്കാള്‍ വാത്സല്യമുള്ള വ്യക്തിയായിരുന്നു മോഹന്‍ലാല്‍; സ്വന്തം മക്കളേക്കാള്‍ കൂടുതല്‍ അദ്ദേഹം മോനേ എന്ന് വിളിച്ചിട്ടുള്ളത് അദ്ദേഹത്തെയാണ്: തിലകന്റെ മകളുടെ വെളിപ്പെടുത്തല്‍

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിന്റെ പേരില്‍ വന്‍ പ്രതിഷേധമാണ് വിവിധ ദിക്കില്‍ നിന്നും ഉയരുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചത് പ്രതിഷേധത്തിന് ആക്കം കൂട്ടി. അമ്മയുടെ ആദ്യത്തെ കരടായിരുന്നു തിലകന്‍. വിശദീകരണം പോലും കേള്‍ക്കാതെയാണ് ആ മഹാനടനെ അമ്മ പുറത്താക്കിയത്. ഈ വിഷയവും ഇപ്പോള്‍ ആളുകള്‍ ചര്‍ച്ചയാക്കുന്നുണ്ട്.

തിലകന്‍ മോഹന്‍ലാലിനെ അയച്ച കത്ത് തിലകന്റെ മകള്‍ ഡോ. സോണിയയാണ് പുറത്തുവിട്ടത്. അമ്മ കോടാലിയാകും എന്നാണ് അദ്ദേഹം കത്തില്‍ പറഞ്ഞത്. അമ്മയില്‍ നിന്ന് ഇറങ്ങിയിട്ടും മോഹന്‍ലാലുമായുള്ള ബന്ധത്തില്‍ കോട്ടം സംഭവിച്ചില്ലെന്ന് തിലകന്റെ മകള്‍ പറയുന്നു. ഞങ്ങളേക്കാള്‍ അച്ഛന് മോഹന്‍ലാലിനെയാണ് ഇഷ്ടമെന്നും ഏറ്റവും കൂടുതല്‍ വാത്സല്യത്തോടെ മോനേ എന്ന് വിളിച്ചിട്ടുള്ളതും അദ്ദേഹത്തെയാണെന്നും സോണിയ ഓര്‍ക്കുന്നു.

സോണിയയുടെ വാക്കുകള്‍:

എനിക്ക് ‘അമ്മ’ സംഘടനയുമായി നേരിട്ടോ അല്ലാതെയോ ഇപ്പോള്‍ യാതൊരു ബന്ധവുമില്ല. ദിലീപിനെ മോശക്കാരനാക്കാനോ, അമ്മയോട് യുദ്ധം ചെയ്യാനോ അല്ല കത്ത് പുറത്തുവിട്ടത്. ദിലീപിനെ തിരിച്ചെടുത്തതിന് അമ്മ നല്‍കിയ വിശദീകരണം, അദ്ദേഹത്തിന്റെ ഭാഗം കേള്‍ക്കാതെയാണ് പുറത്താക്കിയതെന്നായിരുന്നു. പുറത്താക്കിയ സമയത്ത് എന്റെ അച്ഛന്‍ അനുഭവിച്ച മാനസികസംഘര്‍ഷങ്ങളും മനോവിഷമവും അരികെ നിന്ന് കണ്ട വ്യക്തിയാണ് ഞാന്‍. അച്ഛന്റെ ഭാഗം കേള്‍ക്കാന്‍ അന്ന് അമ്മ യാതൊരുവിധ താല്‍പര്യവും കാണിച്ചില്ലെന്നു മാത്രമല്ല, നിര്‍ദാക്ഷണ്യം അദ്ദേഹത്തോട് ഇറങ്ങിപ്പോടാ എന്നാണ് പറഞ്ഞത്.

അമ്മ എന്ന സംഘടന ഒരു കോടാലിയാണെന്ന് അച്ഛന്‍ പറഞ്ഞതാണ് അവരെ പ്രകോപിപ്പിച്ചത്. തൊഴില്‍ചെയ്യാനുള്ള സാഹചര്യം പോലും നിഷേധിക്കപ്പെട്ടപ്പോഴാണ് അച്ഛന്‍ മോഹന്‍ലാലിന് ഈ കത്ത് എഴുതുന്നത്. അതിനുള്ള മറുപടിയും ലഭിച്ചിട്ടില്ല. അത്രമാത്രം നീതിനിഷേധമാണ് തിലകനെന്ന കലാകാരന്‍ നേരിട്ടത്. തിലകനോട് ഒരു നീതിയും ദിലീപിനോട് മറ്റൊരു നീതിയും സംഘടന പരസ്യമായി തന്നെ പ്രകടിപ്പിച്ചപ്പോള്‍ ഈ കത്ത് പുറത്തുവിടേണ്ടത് ആവശ്യമാണെന്ന് എനിക്ക് തോന്നി.

അമ്മ കലകൊണ്ടു ജീവിക്കുന്നവരുടെ സംഘടനയാണ്. കലാകാരന്മാര്‍ക്ക് ഒരു സാമൂഹിക പ്രതിബദ്ധതയുണ്ട്. ആ പ്രതിബദ്ധത അമ്മയും പാലിക്കണം. രാഷ്ട്രീയത്തിലെ ഉന്നതര്‍ പോലും അമ്മയുടെ നിലപാടിന് എതിരെയല്ലേ പറയുന്നത്? പരസ്യപ്രതികരണം അറിയിച്ചില്ലെങ്കില്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കില്‍ അച്ഛനെ അനുകൂലിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് ഇട്ടത്. അന്ന് അച്ഛനെ പുറത്താക്കിയ അവസരത്തില്‍ വി.എസ്.അച്യുതാനന്ദന്‍ നേരിട്ട് വിളിച്ചിരുന്നു.

തിലകന്‍, ഞാന്‍ എന്താണ് നിങ്ങള്‍ക്ക് ചെയ്തുതരേണ്ടത്? എന്നാണ് അദ്ദേഹം ചോദിച്ചത്. നിങ്ങളുടെ ഉചിതം പോലെ ചെയ്‌തോളൂ എന്നായിരുന്നു അച്ഛന്റെ മറുപടി. കടകംപള്ളി സുരേന്ദ്രന്‍, സുകുമാര്‍ അഴീക്കോട് സാര്‍ തുടങ്ങി എത്രയധികം ആളുകളാണ് അച്ഛനൊപ്പം നിന്നത്. അദ്ദേഹം പറഞ്ഞതെല്ലാം സത്യമാണെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുകയല്ലേ. ആ സാഹചര്യത്തില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ അമ്മ എന്ന സംഘടന തയാറാകേണ്ടതുണ്ട്.

മോഹന്‍ലാല്‍ മാത്രം വിചാരിച്ചാല്‍ അമ്മ പോലെയൊരു സംഘടനയില്‍ നിലപാടുകളും തീരുമാനങ്ങളും കൈക്കൊള്ളാനാകുമെന്ന് തോന്നുന്നില്ല. അതുകൊണ്ടായിരിക്കും അദ്ദേഹം മൗനം അവലംബിക്കുന്നത്. അച്ഛന്റെ പ്രശ്‌നം നടന്ന സമയത്ത് വോയിസ് റെസ്റ്റ് ആയതുകൊണ്ടാണ് മോഹന്‍ലാല്‍ സംസാരിക്കാതെ ഇരുന്നതെന്ന് അച്ഛന്‍ തന്നെ പറഞ്ഞിരുന്നു. ഇപ്പോള്‍ പക്ഷെ അമ്മയുടെ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം മൗനം വെടിയേണ്ടത് അത്യാവശ്യമാണ്.

അച്ഛന് ഞങ്ങളേക്കാള്‍ വാത്സല്യമുള്ള വ്യക്തിയായിരുന്നു മോഹന്‍ലാല്‍. സ്വന്തം മക്കളേക്കാള്‍ കൂടുതല്‍ അദ്ദേഹം മോനേ എന്ന് വിളിച്ചിട്ടുള്ളത് മോഹന്‍ലാലിനെയാണ്. ഈ പ്രശ്‌നങ്ങളൊക്കെ നടന്നതിന് ശേഷവും ഇരുവരും തമ്മിലുള്ള വ്യക്തിബന്ധത്തിന് കോട്ടംതട്ടിയെന്ന് എനിക്ക് തോന്നുന്നില്ല. ഇവിടം സ്വര്‍ഗമാണ് എന്ന സിനിമയുടെ ഷൂട്ടിങിന് ചെന്നപ്പോള്‍ അച്ഛനെ കണ്ടതും മോഹന്‍ലാല്‍ മുറിയില്‍ നിന്നും പുറത്തിറങ്ങി വന്ന് അച്ഛനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തിട്ടുണ്ട്.

ഇത് പറയുമ്പോള്‍ അവസാനകാലത്തും തിലകനെന്ന പരുക്കനായ വ്യക്തിയുടെ കണ്ണില്‍ വെള്ളം നിറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ സഹോദരിയുടെ കല്യാണത്തിന് മോഹന്‍ലാലിന് വരാന്‍ സാധിക്കില്ല എന്നുപറഞ്ഞപ്പോഴും വിഷണ്ണനായി ഇരിക്കുന്ന അച്ഛനെയാണ് ഞാന്‍ കണ്ടത്. സ്വന്തം മക്കളിലൊരാള്‍ വിവാഹത്തിന് വന്നില്ലായിരുന്നുവെങ്കിലും അദ്ദേഹത്തിന് ഇത്ര വിഷമം ഉണ്ടാകുമെന്ന് തോന്നുന്നില്ല. അത്രമാത്രം അച്ഛന് പ്രിയങ്കരനായിരുന്നു മോഹന്‍ലാല്‍.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്